top of page
Alfa MediCare

അടുക്കള വസ്തുക്കളിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം



ആരോഗ്യകരമായ വസ്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇവയില്‍ ചേര്‍ക്കുന്ന മായമാണ് പ്രധാന പ്രശ്‌നം. പച്ചക്കറികളിലും പഴങ്ങളിലും കെമിക്കലുകള്‍ അടിയ്ക്കുമ്പോള്‍ ഖര വസ്തുക്കളില്‍ മായം കലര്‍ത്തുന്നതാണ് പതിവ്. പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍. ഇവ ആരോഗ്യത്തെ കേടു വരുത്തുന്നു. പല രോഗങ്ങള്‍ക്കും കാരണമാകുന്നു. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് പലതിലും മായം ചേര്‍ക്കാറ്. എന്നാൽ ഇവയിലെ മായം തിരിച്ചറിയാൻ ചില വഴികളുണ്ട്.


1.മഞ്ഞള്‍പ്പൊടി-മെറ്റാനില്‍ യെല്ലോ എന്ന ചായം, ഗോതമ്പ്, ചോളം എന്നിവയുടെ പൊടി ഇവയാണ് മഞ്ഞള്‍പ്പൊടിയില്‍ കണ്ടുവരുന്ന മായം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ കുറച്ച് വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് നേര്‍പ്പിക്കുക. നീലനിറം കാണുന്നുണ്ടെങ്കില്‍ മായം ചേര്‍ന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം.


2.മല്ലിപ്പൊടി-തവിട്, മരപ്പൊടി, ചാണകപ്പൊടി, എന്നിവ മല്ലിപ്പൊടിയില്‍ കണ്ടുവരുന്നു. പൊടി വെള്ളത്തില്‍ അലിയിച്ചാല്‍ മരപ്പൊടി, തവിട് ഇവ പൊങ്ങിക്കിടക്കും.


3.കുരുമുളക്പൊടി- വെള്ളത്തില്‍ അലിയിച്ചാല്‍ യഥാര്‍ത്ഥ കുരുമുളക്പൊടി വെള്ളത്തില്‍ അടിയും, മായവസ്തു ഉപരിതലത്തില്‍ പൊങ്ങിക്കിടക്കും.



4.ശര്‍ക്കര-പൊതുവേ ആരോഗ്യകരമെന്നു കരുതുന്ന ശര്‍ക്കരയിലും മായം കലര്‍ത്താറുണ്ട്. ശര്‍ക്കര വെള്ളത്തില്‍ അലിയിച്ച് ഏതാനും തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ഈ മിശ്രിതത്തിന്

ചുവപ്പുനിറം ഉണ്ടാകുന്നുവെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ട്.


5.തേന്‍-തേനില്‍ ശര്‍ക്കരപാനി ചേര്‍ക്കുന്നു. തേനില്‍ ഒരു തിരിമുക്കി കത്തിക്കുക. തിരികത്തുമ്പോള്‍ പൊട്ടിതെറിക്കുന്നുവെങ്കില്‍ മായമുണ്ടെന്നു കരുതാം. അല്ലെങ്കില്‍ ഒരു തുള്ളി തേന്‍ ബ്ലോട്ടിംഗ് പേപ്പറില്‍ ഒഴിച്ചുവെയ്ക്കുക. ബ്ലോട്ടിംഗ് പേപ്പര്‍ വലിച്ചെടുക്കാതെ അതേപടി ഇരുന്നാല്‍ തേന്‍ ശുദ്ധമാണ് എന്ന് മനസ്സിലാക്കാം.


6.ചെറുപയര്‍-കൂടുതല്‍ പച്ചനിറമാകാന്‍ കൃത്രിമ പച്ചനിറം ചേര്‍ക്കാറുണ്ട്. പയര്‍ കുറച്ച് സമയം വെള്ളത്തില്‍ കുതിര്‍ത്ത് വച്ചാല്‍ ചായം ഇളകിവരും.


7.കടുക്-സാധാരണ കടുകിനേക്കാള്‍ വലിപ്പം കൂടിയെങ്കില്‍ ഇത് ആര്‍ഗിമണ്‍ എന്ന ചെടിയുടെ വിത്തുമാകാം. ഇതിന് കടുകിനോട് സാമ്യമുണ്ട്.


8.കായം-അല്‍പ്പം കായം എടുത്ത് കത്തിച്ചുനോക്കുക. നല്ല ജ്വാലയോടെ കാണുന്നുണ്ടെങ്കില്‍ മായം കലര്‍ന്നിട്ടില്ല എന്നു കരുതാവുന്നതാണ്. വെള്ളത്തില്‍ അലിയിച്ചു നോക്കുമ്പോള്‍ പാലുപോലെ വെളുത്ത ലായനിയാണ് ലഭിക്കുന്നത് എങ്കില്‍ കായത്തില്‍ മായം കലര്‍ന്നിട്ടില്ല എന്ന് വിശ്വസിക്കാം.


9.കാപ്പിപ്പൊടി-കാപ്പിപ്പൊടിയില്‍ പുളിക്കുരുവിന്റെ തോട്, ചിക്കറി മുതലായ മായം കലര്‍ത്തുക പതിവാണ്. മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ പൊടി വെള്ളത്തില്‍ വിതറി നോക്കുക. ചിക്കറിപ്പൊടി വെള്ളത്തില്‍ താഴുകയും, വെള്ളം തവിട്ടു നിറമാകുകയും ചെയ്യും.




10.ചായപ്പൊടി-മായം കലര്‍ത്താന്‍ എളുപ്പമാണ്. മറ്റ് പല ചെടികളുടെയും ഇലപ്പൊടികള്‍ ചേര്‍ത്ത് മാര്‍ക്കറ്റില്‍ എത്തും. കൂടാതെ കശുവണ്ടിപരിപ്പിന്റെ തൊലിയും വര്‍ണ്ണഭേദം വരുത്തി കലര്‍ത്തിവിടും. ഇത് കണ്ടുപിടിക്കുന്നതിനായി ചായപ്പൊടി സാമ്പിള്‍ ഒരു നനഞ്ഞ വെള്ളക്കടലാസില്‍ ചിതറിയിടുക. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ മഞ്ഞ, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ കടലാസില്‍പടരുന്നതായി കാണുന്നുണ്ടെങ്കില്‍ മായമുണ്ടെന്ന് ഉറപ്പാക്കാം.


11.വെളിച്ചെണ്ണ-മായം ഏറെ കലര്‍ത്തുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ പലതരം വിലകുറഞ്ഞ എണ്ണയും ചേര്‍ക്കും. വെളിച്ചെണ്ണയില്‍ അല്‍പം പെട്രോളിയം ഈതര്‍ ചേര്‍ത്തു തണുപ്പിക്കുക. വെള്ളനിറം ആകുന്നെങ്കില്‍ മായം ചേര്‍ത്തിട്ടുണ്ട്. സാധാരണ വെളിച്ചെണ്ണ തണുപ്പില്‍ കട്ടിയാകും. മായമെങ്കില്‍ കട്ടിയാകില്ല.


12.പാല്‍-പാലില്‍ ചേര്‍ക്കുന്ന മായം പ്രധാനമായും വെളളമാണ്. വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ചരിഞ്ഞ പ്രതലത്തില്‍ അല്‍പ്പം പാല്‍ ഒഴിക്കുക. പാട് വീഴ്ത്താതെ ഒഴുകി താണു പോയാല്‍, വീണാല്‍ വെള്ളം ചേര്‍ത്തിട്ടുണ്ട് എന്നര്‍ത്ഥം.


ഇന്നത്തെക്കാലത്ത് മായം ചേർക്കാത്ത ഭക്ഷണം ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്. അതിനാൽ മുകളിൽപ്പറഞ്ഞ മാർഗ്ഗങ്ങൾ വഴി ഒരു വിധം മായങ്ങളെ തിരിച്ചറിഞ്ഞ് അവയിൽ നിന്നും രക്ഷപ്പെടാവുന്നതാണ്.






Comments


bottom of page