അവൾ പതിവുപോലെ കണ്ണടച്ചുറങ്ങാൻ ശ്രമിച്ചു. ഉറക്കം വന്നതേ ഇല്ല. ഒരിക്കൽക്കൂടി തിരിഞ്ഞു കിടന്ന് കണ്ണടച്ചു നോക്കി. മനസ്സിന്റെ ഉള്ളിൽ ശൂന്യത മാത്രം! എന്തിനും ഏതിനും ഈ നിർവികാരത മാത്രം. സന്തോഷവും ദുഃഖവും ഒന്നുമില്ലാതെ വെറുതെയൊരു അവശത മാത്രം. ഒരിക്കൽ അവൾ കുടുംബത്തിലും, പഠനത്തിലും നിറഞ്ഞു തീർന്ന ഒരാൾ ആയിരുന്നു, ഇപ്പോഴിതാ അവൾക്ക് മറ്റൊരു വശം.
എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു വികാരശൂന്യത അനുഭവപ്പെടുന്നത്? ഓരോ ദിവസവും സ്വപ്നങ്ങൾ നിറഞ്ഞതാവുമ്പോൾ, പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിക്കാത്തതിനാൽ മനസ്സ് ഒരു പ്രതിരോധം തീർക്കുന്നു. അതാണ് വികാരശൂന്യത (Emotional Numbing). ജീവിതത്തിന്റെ ഓരോ കോണിലും സമ്മർദ്ദങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ, ഒരിടവേള എടുക്കാൻ മനസ്സ് തീരുമാനിക്കുന്നു. മനസ്സിന്റെ ശൂന്യത അനുഭവിക്കുന്ന ഒരാൾക്ക് സന്തോഷമോ ദു:ഖമോ ഒന്നുമില്ലാത്തതുപോലെയാണ് തോന്നുക. നല്ലതോ, മോശമോ ഇല്ല ഒരു സമാന്തരലോകം.
അവളുടെ കഥയെപ്പോലെ, പലരും ഈ അനുഭവത്തിലൂടെ കടന്നു പോകാറുണ്ട്. ഇതിന് പിന്നിലെ കാരണങ്ങൾക്കൊപ്പം പോയാൽ ലൈംഗിക അതിക്രമങ്ങൾ, ബാല്യകാലത്തിൽ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, പ്രിയപ്പെട്ടവരുടെ വിയോഗം, തുടർച്ചയായ സമ്മർദ്ദം, വിവിധ മാനസിക ആഘാതങ്ങൾ എന്നിവ മനസ്സിനെ ഇത്തരം അവസ്ഥയിലേക്കു തള്ളിവിടുന്നു. ചിലപ്പോൾ, മനസ്സിന്റെ ഈ ശൂന്യത ശരീരത്തെയും ബാധിക്കും. തലവേദന, ക്ഷീണം, ദേഹസമ്മർദ്ദം, ഉറക്ക പ്രശ്നങ്ങൾ എന്നിവ ഇതിന്റെ അനുബന്ധങ്ങളായി അനുഭവപ്പെടാം.
മനസിനകത്തേക്ക് നോക്കിയാൽ മനസ്സിനുള്ളിൽ നിന്നും ചോദിച്ചു കൊണ്ടേ ഇരിക്കും "എനിക്ക് എന്ത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു?". മാനസിക വികാരങ്ങളിൽ നിന്ന് അകലം പുലർത്തൽ – ഇതാണ് ആദ്യ ലക്ഷണം. കൂടാതെ, മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുക, ജീവിതം ഏകാന്തതയുള്ളതായോ നിരർത്ഥകമായോ തോന്നുക, അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക – ഇവയും അതിന്റെ ഭാഗങ്ങളാണ്. ചിലർ ഈ ശൂന്യതയ്ക്കെതിരെ പ്രതികരിക്കാൻ മദ്യപാനം, അനാവശ്യ യാത്രകൾ, വേഗതയേറിയ വാഹനമോടിക്കൽ തുടങ്ങിയ വഴികൾ തേടാം.
തുടരെ ഉള്ള ചിന്തകളുടെ കുത്തൊഴുക്കും നിർവികാരതയും കാരണം അവൾ സ്വന്തം അവസ്ഥയെ മനസ്സിലാക്കാൻ ശ്രമിച്ചു. എന്ത് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു? എന്താണ് മനസ്സിനുള്ളിലെ വേദന? അവളൊരു വിശ്വസ്ത സുഹൃത്തിനോട് തുറന്നുപറഞ്ഞു. മനസ്സിന്റെ ഭാരം കുറയുന്നതായി തോന്നി. പതിവായ ആത്മ പരിശോധനകൾ , പ്രാർത്ഥന, യോഗ, ധ്യാനം – എല്ലാം അവളെ ശാന്തയാക്കി. അവൾ പെയിന്റിംഗ് തുടങ്ങി, പുസ്തകങ്ങൾ വായിച്ചു, സംഗീതം ആസ്വദിച്ചു. നാളുകൾ കടന്നുപോയപ്പോൾ മനസ്സിന്റെ നിറം മങ്ങിയില്ല, മറിച്ച് പുതിയ നിറങ്ങൾ നിറഞ്ഞു.
നമുക്കും ഇതുപോലെ തന്നെ ഒരു പുതിയ തുടക്കം ഉണ്ടാക്കാം. വികാരങ്ങളെ അടിച്ചമർത്താതെ അവയെ മനസ്സിലാക്കി നേരിടുക. അപ്പോൾ മാത്രമേ ജീവിതം മനോഹരമാവുകയുള്ളൂ.
Comments