top of page
Alfa MediCare

പോഷകങ്ങളോ ജലാംശമോ? ഏതാണ് ശരീരത്തിന് ഏറെ ആവശ്യം! Food or water? What does the body need?


പോഷകങ്ങളോ ജലാംശമോ? ഏതാണ് ശരീരത്തിന് ഏറെ ആവശ്യം! Food or water? What does the body need?

നിങ്ങളുടെ ഭക്ഷണത്തിലെ പോഷകങ്ങൾ പോലെ തന്നെ അത്യാവശ്യമാണ് വെള്ളമെന്ന് നിങ്ങൾക്കറിയാമോ? വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും ഇതില്ലാതെ മുന്നോട്ടുപോവുക അസാധ്യമാണ്. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ജലാംശം നിലനിർത്തുക എന്നത്. വേണമെങ്കിൽ നമ്മുടെ ശരീരത്തിന് ആഹാരമില്ലാതെ ആഴ്ചകളോളം നിലനിൽക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ ഒന്നോ രണ്ടോ ദിവസം വെള്ളം കുടിക്കാതെ ജീവിക്കാൻ ആർക്കും കഴിയില്ല. നമ്മുടെ ശരീരം പോലും 60% വെള്ളത്താൽ നിർമ്മിതമാണെന്നും, ജലാംശം ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ട് നിർജ്ജലീകരണം സംഭവിക്കുന്നത് ഏതൊരാളെയും ശാരീരികമായും മാനസികമായും വളരെ മോശപ്പെട്ട രീതിയിൽ ബാധിക്കാനും സാധ്യതയുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.


ജലാംശം നിലനിർത്തുന്നത് ദഹനത്തിനും , പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും, വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ തലച്ചോറിനെയും    ശരീരത്തെയും   ഊർജ്ജസ്വലമാക്കി വെക്കുന്നു. ജലാംശം നഷ്ടപ്പെടുന്നത് തലച്ചോറിനെയും ശരീരത്തെയും പലരീതിയിലും ദോഷകരമായ ബാധിക്കാനിടയുണ്ട്. ഗവേഷണങ്ങൾ കാണിക്കുന്നത് നേരിയ നിർജ്ജലീകരണം പോലും മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും നമ്മുടെ ഉത്കണ്ഠകളെ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്. ജലത്തിന്റെ അഭാവം ചില വ്യക്തികളിൽ തലവേദന അല്ലെങ്കിൽ മൈഗ്രെയ്ൻ സാധ്യതളും വർദ്ധിപ്പിക്കാറുണ്ട്.




ചില സന്ദർഭങ്ങളിൽ വിശപ്പും ദാഹവും തമ്മിലുള്ള വ്യത്യാസം നമുക്ക് പറഞ്ഞുതരാൻ പലപ്പോഴും തലച്ചോറിന് കഴിയില്ല എന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെയാണ് പലപ്പോഴും നമുക്ക് ദാഹം ഉണ്ടാവുമ്പോൾ അത് വിശപ്പ് ആയി അനുഭവപ്പെടുന്നത്. ചിലർക്ക് മധുരം കൂടുതൽ കഴിക്കാൻ തോന്നലുണ്ടാക്കുന്ന ഷുഗർ ക്രേവിങ് ലക്ഷണങ്ങൾ ഇതിൻ്റെ പ്രധാന ഉദാഹരണമാണ്. അടുത്ത തവണ നിങ്ങൾക്ക് ഇത്തരത്തിൽ മധുരമുള്ള എന്തെങ്കിലും കഴിക്കാൻ ആവശ്യമാണെന്ന തോന്നൽ ഉണ്ടാവുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുകയാണ്.


നിങ്ങളുടെ ശരീരത്തിൽ ശരിയായ അളവിൽ ജലാംശം നിലനിർത്തുന്നത് കൃത്യമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ വിശപ്പ് കുറക്കുന്നതിനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് സഹായം ചെയ്യുമെന്നും നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശം കൂടുതൽ അടങ്ങിയ പാനീയങ്ങൾ ഇക്കാര്യത്തിൽ ഏറ്റവും മികച്ചതാണ്. ഇത് ഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനുമെല്ലാം മികച്ച ഗുണങ്ങളെ നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


വ്യായാമം ചെയ്യുന്ന വേളയിൽ നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വെള്ളം കുടിക്കാൻ ആയിരിക്കും. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതിരുന്നെങ്കിൽ മാത്രമേ ഏതൊരു വ്യായാമവും നമുക്ക് കൃത്യമായി ചെയ്ത് തീർത്തുകൊണ്ട് ആഗ്രഹിക്കുന്ന ഫലങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളൂ. നിർജ്ജലീകരണം നമ്മുടെയെല്ലാം കായിക പ്രകടനങ്ങളെ മാത്രമല്ല, മുഴുവൻ ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കും. ദഹനവ്യവസ്ഥയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് വെള്ളം കുടിക്കേണ്ടത്.


ദഹനപ്രക്രിയ ഏറ്റവും മികച്ചതാക്കി തീർക്കാനായി ശരീരത്തിൽ ഉടനീളം ജലാംശം നിലനിർത്തേണ്ടതും അത്യാവശ്യം തന്നെ. കുട്ടികളിലും മുതിർന്നവരിലും പ്രായമായവരിലും മലബന്ധം അടക്കമുള്ള ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.വെള്ളം കുടിക്കുന്നത് കുറയുമ്പോൾ അത് മിക്കവാറും ആളുകളിൽ വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുളിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു.


പതിവായി വെള്ളം കുടിക്കുന്ന ശീലം സ്ത്രീകളിൽ മൂത്രസഞ്ചി അണുബാധ, സിസ്റ്റിറ്റിസ് ഉൾപ്പെടെയുള്ള മൂത്രനാളി അണുബാധകൾ എന്നിവ കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.കൊഴുപ്പ് കുറഞ്ഞ പാൽ, കുറഞ്ഞ പഞ്ചസാര അടങ്ങിയിട്ടുള്ളതോ അല്ലെങ്കിൽ പഞ്ചസാര രഹിതമോ ആയ പാനീയങ്ങൾ, ചായ, കാപ്പി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


നിങ്ങളുടെ പ്രായം, ലിംഗഭേദം, പ്രവർത്തന നില എന്നിവയെ ആശ്രയിച്ച് വെള്ളം കുടിക്കുന്നതിൻ്റെ അളവുകോൽ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, നിങ്ങൾ ദിവസത്തിൽ ഉടനീളം കൂടുതൽ വ്യായാമം ചെയ്യുന്ന ആൾ ആണെങ്കിലോ അല്ലെങ്കിൽ ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്ന ആളുകൾ ആണെങ്കിലോ നിങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമായി വന്നേക്കാം. നിങ്ങൾക്ക് ദാഹിക്കുന്നതുവരെ കാത്തിരിക്കരുത്-ദിവസം മുഴുവൻ സമയ ക്രമീകരിച്ചു വെള്ളം കുടിക്കുക! തണ്ണിമത്തൻ, കക്കരിക്ക തുടങ്ങിയ ജലാംശം നൽകുന്ന പഴവർഗങ്ങളും, പച്ചക്കറികളും   ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


ഓർക്കുക, ശരീരത്തിൽ  ജലാംശം നിലനിർത്തേണ്ടത്  ആരോഗ്യത്തിനു  അത്യാവശ്യമാണ്.

Comments


bottom of page