കുഞ്ഞുങ്ങൾ ആരോഗ്യത്തോടിരിക്കാൻ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ മാത്രമല്ല അവർ വളരുന്ന ചുറ്റുപാടുകളും എപ്പോഴും സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുക. ഈ കാലാവസ്ഥയിൽ കുഞ്ഞുങ്ങൾക്ക് അസുഖം വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങൾക്ക് പനി, ചുമ്മ, ജലദോഷം, ചർമ്മത്തിലെ പ്രശ്നങ്ങൾ തുടങ്ങി പലതും ഈ സമയത്ത് ഉണ്ടാകാം.ഇത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും എസി, കൂളർ തുടങ്ങിയവ ഉപയോഗിക്കുന്ന മാതാപിതാക്കളുണ്ട്. മഴയാണെങ്കിൽ പോലും ചൂട് അസഹനീയമായി തോന്നാറുണ്ട് ചിലപ്പോൾ. ഇത് കൊണ്ട് തന്നെ കുഞ്ഞുങ്ങൾ ഉറങ്ങാനുള്ള ബുദ്ധിമുട്ടുകൾ സ്വാഭാവികമായും ഉണ്ടാകാം. പക്ഷെ എസിയും കൂളറുമൊക്കെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പൊതുവെ ഇപ്പോൾ എല്ലാ വീടുകളിലും എസി വളരെ സുലഭമാണ്. മുതിർന്നവർ എസി ഉപയോഗിക്കുന്നത് പോലെ അല്ല കുഞ്ഞുങ്ങളെ എസിയിൽ കിടത്തുമ്പോൾ. കുഞ്ഞുങ്ങൾക്ക് ചൂട് കാരണം ഉറങ്ങാൻ പറ്റാത്ത സാഹചര്യങ്ങൾ വരുമ്പോഴാണ് എസി പലരും ഉപയോഗിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങൾക്ക് അധികം എസി നല്ലത് അല്ല.
എസി ഉപയോഗിക്കാമെങ്കിലും കുറച്ച് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ കിടക്കുന്ന മുറിയിൽ എസിയുടെ താപനില എപ്പോഴും 24 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനുമിടയിൽ ആയിരിക്കണം. കുഞ്ഞിന് നേരിട്ട് എസിയുടെ കാറ്റ് ലഭിക്കുന്ന തരത്തിൽ ഒരു കാരണ വശാലും കിടത്തരുത്. ഇത് ജലദോഷവും ചുമ്മയുമൊക്കെ വരാനുള്ള സാധ്യത കൂട്ടുന്നു. ആറ് മാസം കൂടുമ്പോൾ എസി സെർവീസ് ചെയ്യാനും മറക്കരുത്.
കൂളർ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് പറയുമെങ്കിലും എസിയെക്കാൾ വിലക്കുറവ് ആയത് കൊണ്ട് പലരും കൂളർ ഉപയോഗിക്കാറുണ്ട്. കൂളർ ഉപയോഗിക്കുമ്പോൾ അതിനുള്ളിൽ ഒഴിക്കുന്ന വെള്ളം എപ്പോഴും മാറ്റാൻ ശ്രമിക്കുക. കൂളറും കുഞ്ഞിൻ്റെ മുഖത്തിന് നേരെ വയ്ക്കാതിരിക്കാൻ ശ്രമിക്കണം. കൂളറിലെ വെള്ളത്തിനൊപ്പം സുഗന്ധം നൽകുന്നതോ എസെൻഷ്യൽ ഓയിലോ ഒന്നും ചേർക്കാൻ പാടില്ല.മുറിയ്ക്കുള്ളിൽ മണം ലഭിക്കാൻ പലരും ഇങ്ങനെ ചെയ്യാറുണ്ട് ഇത് അപകടമാണ്. കൂളർ ഉപയോഗിക്കുമ്പോൾ മുറിയിൽ ഈർപ്പം അധികമായി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് തന്നെ ജനലുകൾ അൽപ്പം തുറന്നിടുന്നത് അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും. കൃത്യമായി കൂളറിലെ വെള്ളം മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.
Comments