ഗര്‍ഭധാരണം ചിലര്‍ക്കേറെ എളുപ്പമാകും, ചിലര്‍ക്കാകട്ടെ, ബുദ്ധിമുട്ടേറിയ ഒന്നും. സ്ത്രീ പുരുഷ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതാണ്. പുരുഷനും സ്ത്രീയ്ക്കുമിത് വെവ്വേറെയാണ്. ചിലപ്പോള്‍ നിസാര കാര്യങ്ങളാകും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നത്. കാര്യമായ ചികിത്സയൊന്നും തേടേണ്ടാത്ത ചിലത്. ഗര്‍ഭധാരണം ആഗ്രഹിയ്ക്കുന്നവര്‍ ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തന്നെ കാര്യമായ ഫലം ലഭിയ്ക്കും. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ചിട്ടപ്പെടുത്തേണ്ട ചിലത്, ചില ഭക്ഷണങ്ങള്‍, വേണ്ടതും ഉപേക്ഷിയ്‌ക്കേണ്ടതുമായ ചില ശീലങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു.
ഭക്ഷണമെന്നത് ഏറെ പ്രധാനമാണ്. കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളുണ്ട്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ പോലെ തന്നെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതാണ് പായ്ക്കറ്റ് രൂപത്തിലുള്ള മറ്റ് ഭക്ഷണങ്ങളും. പായ്ക്ക് ചെയ്തു വരുന്ന ജ്യൂസുകൾ, ബിസ്കറ്റുകൾ, യോഗർട്ട്, ചീസ്, ഐസ്ക്രീം പോലുള്ളവയെല്ലാം നിർബന്ധമായും ഒഴിവാക്കണം. പരസ്യ വാചകങ്ങളിൽ പറയുന്ന ഷുഗർ ഫ്രീ, ഗ്ളൂട്ടൻ ഫ്രീ, ഹൈ പ്രോട്ടീൻ എന്നിവ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. എല്ലാ പായ്ക്കറ്റ് ഭക്ഷണങ്ങളിലും ആരോഗ്യത്തെ ഇല്ലാതാക്കാനുള്ള ഘടകങ്ങൾ ധാരാളം ഒളിഞ്ഞിരിപ്പുണ്ട് എന്ന് മറക്കരുത്. ഇത് ഗര്‍ഭധാരണത്തെയും തടസപ്പെടുത്തുന്ന ചില ഘടകങ്ങളില്‍ ചിലതാണ്.
അതാത് കാലത്ത് ലഭ്യമാകുന്ന ഓരോ പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ഓരോ സമയത്തും ലഭിക്കേണ്ട ഘടകങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ഇങ്ങനെ വ്യത്യസ്ത ഗുണങ്ങളുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കുകയാണെങ്കിൽ ഇത് പ്രോ ബയോട്ടിക് ബാക്റ്റീരിയകളുടെ വളർച്ച കൂട്ടുകയും ഇത് ഗർഭ ധാരണത്തിനു തടസ്സമാകുന്ന ഇൻസുലിൻ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യും.തൈരിന്റെ സ്ഥിരമായ ഉപയോഗം കുടലിൽ ആരോഗ്യകരമായ ബാക്റ്റീരിയകളെ ഉത്പാദിപ്പിക്കുകയും ദഹന സംബന്ധമായ പ്രയാസങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.വീട്ടിൽ തന്നെ തയ്യാറാക്കിയ തൈര് ഉപയോഗിക്കുന്നത് നല്ല ഫലം ചെയ്യും.
കഴിക്കുന്ന ഭക്ഷണത്തിൽ നെയ്യ് ശീലമാക്കുന്നത് ഗർഭ ധാരണത്തിനും ഗർഭം നില നിർത്തുന്നതിനും സഹായിക്കും. ഒരു ദിവസം മൂന്നു മുതൽ അഞ്ചു സ്പൂൺ വരെ നെയ്യ് കഴിക്കാം. ഇത് പല തവണകളായി കഴിക്കുകയാണെങ്കിൽ വളരെ നല്ലത്. ഗർഭം അലസുന്നത് തടയാൻ നെയ്യ് ഉപയോഗിക്കുന്ന രീതി പണ്ടു മുതൽക്കേ നില നിൽക്കുന്നുണ്ട്. സുഖപ്രസവത്തിന് പണ്ടു കാലത്ത് പറഞ്ഞു കേട്ടിരുന്ന വഴികളില്‍ ഒന്നാണ് നെയ്യ്. ഇതിന് മെഡിക്കല്‍ സംബന്ധമായ അടിസ്ഥാനമില്ലെങ്കിലും. നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. മിതമായി എന്നത് പ്രധാനം.
ഭക്ഷണം കഴിക്കുന്ന ചില രീതികൾ ചിട്ടയോടെ ചെയ്യുന്നത് ഇത്തരം പ്രയാസങ്ങൾ മാറ്റി വെക്കാൻ സഹായിക്കും. സാധാരണ കഴിക്കേണ്ട അളവിന്റെ നേർ പകുതി മാത്രം ഭക്ഷണം എടുക്കുകയും ഇത് സാധാരണ കഴിക്കുന്ന വേഗത്തിനേക്കാൾ വളരെ പതുക്കെ ചവച്ചിറക്കാനും ശ്രദ്ധിക്കാം. ഇങ്ങനെ പതുക്കെ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ അംശങ്ങൾ വളരെ ചെറിയ രൂപത്തിൽ ആമാശയത്തിലെത്തുന്നതിനും അത് കൂടുതൽ നന്നായി ആവശ്യമുള്ള ഘടകങ്ങൾ ശരീരത്തിലെത്തുന്നതിനും സഹായിക്കും.
ഗർഭ ധാരണം വേഗത്തിൽ നടക്കാൻ ആരോഗ്യകരമായ ശരീര ഭാരം അത്യാവശ്യമാണ്. അതായത് അമിത ഭാരമോ ഭാരക്കുറവോ പാടില്ല. ആരോഗ്യമുള്ള സ്ത്രീയ്ക്ക് മാത്രമേ ആരോഗ്യകരമായി ഗർഭം ധരിക്കാനും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും കഴിയൂ. അതിനാൽ ആവശ്യത്തിനുള്ള ഭാരം നിലനിർത്താൻ ശ്രദ്ധിക്കണം.പുകവലി, മദ്യപാന ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. കോള പോലുള്ളവയുടെ ഉപയോഗം നിര്‍ത്തുക. സ്‌ട്രെസ് വേണ്ട, ഇതെല്ലാം ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നവയാണ്. മാനസിക ആരോഗ്യവും പ്രധാനമാണ്. ആവശ്യത്തിന് വ്യായാമം പ്രധാനമാണ്. അമിത വ്യായാമവും വേണ്ട. ചിട്ടയായ ജീവിതവും ആരോഗ്യകരമായ ജീവിത ശൈലികളും ഭക്ഷണ രീതിയുമെങ്കില്‍ സാധാരണ കാര്യമായ മെഡിക്കല്‍ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഗര്‍ഭധാരണം ബുദ്ധിമുട്ടേറിയ ഒന്നല്ല. ഒരു വര്‍ഷം വരെ ഗര്‍ഭനിരോധന വഴികള്‍ ഉപയോഗിയ്ക്കാതിരുന്നിട്ടും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ മാത്രം ഡോക്ടറെ കണ്ടാല്‍ മതിയാകും.
Comments